16/02/2025
സംരംഭങ്ങൾ ഉണ്ടാകുന്നത് :
അമ്പതിനായിരമോ അതിൽ താഴെയോ മുടക്കുമുതൽ വരുന്ന ചെറിയൊരു പച്ചക്കറി ക്കട(Trading) മുതൽ ഒന്നോ രണ്ടോ പേർ തൊഴിൽ ചെയ്യുന്ന സലൂണും (Service Industry)മുളകും മല്ലിയും പൊടിച്ചു കൊടുക്കുന്ന (Manufacturing Industry) മില്ല് വരെയും സർക്കാരിന്റെ സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. അതോടൊപ്പം എണ്ണത്തിൽ കുറവാണെങ്കിലും വലിയ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപങ്ങളും ഐ ടി പാർക്കുകളിലെ സർവീസ് ഇൻഡസ്ട്രികളും മുടക്കുമുതൽ ഏറെ വേണ്ടിവരുന്ന ഉത്പാദന വ്യവസായങ്ങളും ഉണ്ടാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ്, MSME registration (udyam) മുതലായവ ഇതിനെല്ലാം ആവശ്യമുണ്ട്. ഇത്തരം രേഖകളാണ് സംരംഭങ്ങളുടെ എണ്ണം എടുക്കാൻ ആധാരമാക്കുന്നത്. സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങൾ കണക്കാക്കുന്നത് അത്തരം രേഖകളിൽ കാണിക്കുന്ന എണ്ണവും.
എന്താണ് യാഥാർഥ്യം :
ലൈസൻസോ ഉദ്യം
രജിസ്ട്രേഷനോ എടുക്കുന്നവരിൽ പലരും സംരംഭങ്ങൾ തുടങ്ങുന്നില്ല. അതുപോലെ തുടങ്ങുന്ന പുതിയ സംരംഭങ്ങളെക്കാൾ കൂടുതലാണ് പൂട്ടിപോകുന്ന സ്ഥാപനങ്ങൾ. പ്രവർത്തിക്കുന്ന സംരംഭങ്ങളിലാവട്ടെ രേഖകളിൽ കാണിച്ചിട്ടുള്ളത്രയും തൊഴിലാളികൾ ഉണ്ടാകണമെന്നുമില്ല! പല കടകളിലും സംരംഭകൻ മാത്രമാവും ജോലി ചെയ്യുന്നത്. നമ്മുടെ ചുറ്റുവട്ടത്തെ കാര്യമെടുത്താൽതന്നെ യാഥാർഥ്യം ബോധ്യപ്പെടാവുന്നതേയുള്ളൂ.
ആരാണ് സംരംഭകൻ ആയി വരുന്നത്..?
ഒരു ഉത്പന്നം ഉണ്ടാക്കി വിൽക്കണമെന്നോ അല്ലെങ്കിൽ ഒരു സേവനം നൽകണമെന്നുള്ള ആഗ്രഹമോ കൊണ്ടല്ല ഭൂരിപക്ഷം പേരും ചെറിയ സംരംഭങ്ങൾ തുടങ്ങുന്നത്. ജീവിക്കാൻ മറ്റു വരുമാനമോ തൊഴിലോ ഇല്ലാത്തതുകൊണ്ടുതന്നെയാണ്, ബാങ്ക് വായ്പയെടുത്തും കിടപ്പാടം
പണയപ്പെടുത്തിയും ഇത്തരം പ്രസ്ഥാനവുമായി ഇറങ്ങുന്നത്.
വിജയിച്ച സംരംഭകരെ അപേക്ഷിച്ചു പരാജയപ്പെട്ടവരാണ് ഏറെയും. ആവശ്യത്തിന് പ്രവർത്തന മൂലധനം ഇല്ലാതെയും വൻകിടക്കാരുടെ കടന്നുകയറ്റം മൂലം വിപണിയിൽ പിടിച്ചുനിൽക്കാൻ പറ്റാതെയും ബാങ്ക് വായ്പ തിരിച്ചടക്കാൻ പറ്റാതെയും ചെറുകിട സംരംഭകർ നട്ടം തിരിയുകയാണ്. നാട്ടിൻ പുറത്തെ വർക്ക് ഷോപ്പിൽ ഉണ്ടാക്കിയിരുന്ന ഇരുമ്പ് കട്ടിള പോലും ഇന്ന് ടാറ്റ നിർമ്മിച്ച് വിൽക്കുന്നു. ഹിന്ദുസ്ഥാൻ ലിവറിന്റെയും ഗോദറെജിന്റെയും ഉത്പന്നത്തോട് മത്സരിക്കുവാൻ കുടിൽ വ്യവസായക്കാരന്റെ സോപ്പിന് കഴിയില്ല.(പലതും മോട്ടിവേഷൻ ക്ലാസ്സിൽ പറയാമെന്നേ ഉള്ളു.)
കെട്ടിട വാടക വല്ലാതെ കൂട്ടുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള
ഇലക്ട്രിസിറ്റി, വെള്ളം, ഗ്യാസ്, നികുതികൾ തുടങ്ങിയവയും സംരംഭകന് താങ്ങാവുന്നതിലും അധികവും ഉത്പന്നതിന്റെയോ സേവനത്തിന്റെയോ ചെലവും വിലയും വർധിപ്പിക്കുന്നതുമാണ്.
അടുത്ത കാലത്ത് സംസ്ഥാനത്തു തുടങ്ങിയതോ വിപുലീകരിച്ചിട്ടുള്ളതോ ആയ ഭൂരിപക്ഷം ചെറുകിട
സംരംഭങ്ങളും കേന്ദ്രസർക്കാർ
അവിഷ്ക്കരിച്ചിട്ടുള്ള MSME PMMY, PMEGP, PMFME, Startup, Standup India, Dairy Development തുടങ്ങിയ പദ്ധതികളിലൂടെയാണ്. വസ്തു ഈട് വക്കാതെ ചെറിയ തുക വായ്പ കിട്ടുമെന്നും ചില സ്കീമുകളിൽ സബ്‌സിഡി ലഭിക്കുമെന്നുണ്ട്. എന്നാൽ പലപ്പോഴും ബാങ്കുകളുടെ സമീപനം ഒട്ടും അനുകൂലമല്ല. വായ്പക്കു വേണ്ടി ബാങ്കിനെ സമീപിച്ചിട്ടുള്ള മിക്കവാറും എല്ലാ സംരംഭകരും ഇത്തരം പ്രയാസങ്ങൾ അനുഭവിച്ചവർ ആയിരിക്കും. സംസ്ഥാന സർക്കാരിന്റെ
വ്യവസായകേന്ദ്രം മുഖേനയുള്ള പദ്ധതികളും പ്രവാസികൾക്കും സ്ത്രീകൾക്കും പിന്നോക്ക, പട്ടികജാതി വിഭാഗത്തിലുള്ളവർക്കും വേണ്ടിയുള്ള വായ്പ പദ്ധതികളുമുണ്ട്.
ഇതല്ലാതെ ധനകാര്യസ്ഥാപങ്ങളോ ബാങ്കുകളോ നൽകുന്ന മറ്റു വായ്പകൾ സംരംഭകനുള്ള ആനുകൂല്യമോ ആരുടെയെങ്കിലും സഹായമോ അല്ല. വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കി അർഹതയുള്ള അപേക്ഷകന് പലിശക്ക് ലോൺ കൊടുക്കുന്നു എന്നു മാത്രം.
കണക്കുകളും രേഖകളും അല്ല, യാഥാർഥ്യം മനസ്സിലാക്കി, തദ്ദേശീയമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്ന ചെറുകിട സംരംഭകനെ സഹായിക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടത്.
അതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നടപടിക്രമങ്ങൾ മുതൽ ബാങ്ക് വായ്പക്കുള്ള നൂലാമാലകൾ, മാർക്കറ്റിംഗ് രംഗത്തെ പ്രശ്നങ്ങൾ, നികുതി വകുപ്പിന്റെ അനാവശ്യ ഇടപെടലുകൾ, കെട്ടിട വാടകയിലും പ്രോപ്പർട്ടി ടാക്സിലും നിയന്ത്രണങ്ങൾ, സബ്‌സിടിയോ മറ്റു ആനുകൂല്യങ്ങളോ ലഭ്യമാക്കൽ മുതലായവയിൽസംരംഭകന് അനുകൂലവും കാലോചിതവുമായ ഇടപെടലുകളും തിരുത്ത ലുകളുമാണ് ഉണ്ടാകേണ്ടത്. അതോടൊപ്പം CGTMSE യുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തി കേരളത്തിലെ സംരംഭകർക്കു ഈട് വക്കാതെ വായ്പയും പ്രവർത്തന മൂലധനവും ലഭിക്കാൻ SIDBI യെയും commercial bank കളെയും ഏകോപിപ്പിച്ചുള്ള നടപടികളും വേണം.
James George
Director, CMFA
(Centre for Management and Financial Assistance)
Vattoly Tower.
SRM Road, Ernakulam
Kochi. 682018
Mob. 94470 22290
www.cmfakochi.com
16/02/2025
Centre for Management and Financial Assistance helps you with financial management Issues and financial advisor for your business or startup.